ന്യൂഡൽഹി: ഒഡീഷയിൽ ക്രിസ്ത്യൻ ബാലന്റെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കുന്നതിനെ ഒരുവിഭാഗം എതിർത്തതു വിവാദമായി.
നബരംഗ്പുർ ജില്ലയിലെ ആദിവാസി ഭൂരിപക്ഷ ഗ്രാമമായ കപേനയിലാണ് ഗ്രാമവാസിയായ കൃതിബാസ് സാന്തയുടെ മകൻ ആയുഷ് സാന്തയുടെ മൃതദേഹം സംസ്കരിക്കുന്നതിനെ ഒരുവിഭാഗം എതിർത്തത്. തർക്കത്തെത്തുടർന്ന് കുടുംബം അവരുടെ സ്വന്തം ഭൂമിയിൽ കുട്ടിയുടെ മൃതദേഹം മറവ് ചെയ്യാൻ നിർബന്ധിതമാകുകയായിരുന്നു.
അസുഖബാധിതനായിരുന്ന ആയുഷ് സാന്ത ശനിയാഴ്ച രാവിലെയാണു മരിച്ചത്. ക്രൈസ്തവർക്കു പ്രത്യേക ശ്മശാനമില്ലാത്തതിനാൽ ഗ്രാമത്തിലെ പൊതുശ്മശാനത്തിന്റെ ഒരു ഭാഗത്താണു പതിറ്റാണ്ടുകളായി മൃതദേഹം അടക്കം ചെയ്തിരുന്നത്. ഇതുപ്രകാരം കുട്ടിയുടെ മൃതദേഹം സംസ്കരിക്കാൻ ഒരുക്കം നടത്തവെ പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്നും ഗ്രാമത്തിനു പുറത്തേക്ക് കൊണ്ടുപോകണമെന്നും ഒരുവിഭാഗം ഗ്രാമവാസികൾ ആവശ്യപ്പെടുകയായിരുന്നു.
തർക്കം നീണ്ടതോടെ 20 മണിക്കൂറാണ് കുടുംബം മകന്റെ മൃതദേഹവുമായി കാത്തിരുന്നത്. ഒടുവിൽ പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഇടപെടലിനെത്തുടർന്ന് ഗ്രാമത്തിന് രണ്ടു കിലോമീറ്റർ അകലെയുള്ള സ്വന്തം ഭൂമിയിൽ മൃതദേഹം സംസ്കരിക്കാൻ കുടുംബത്തിന് അനുമതി ലഭിച്ചു.
ശവക്കല്ലറയിൽ മതചിഹ്നങ്ങളൊന്നും സ്ഥാപിക്കില്ലെന്നും ഗ്രാമത്തിൽ ക്രമസമാധാനം നിലനിർത്തുമെന്നുമുള്ള പ്രസ്താവനയിൽ ഒപ്പിട്ടതിനുശേഷം മാത്രമാണ് സ്വന്തം ഭൂമിയിൽ മകനെ സംസ്കരിക്കാൻ കൃതിബാസിന് അനുമതി ലഭിച്ചത്. മൃതദേഹം അവിടെ എത്തിച്ചപ്പോഴും പ്രതിഷേധവുമായി ഒരുസംഘമാളുകൾ എത്തിയിരുന്നതായി കൃതിബാസ് സാന്ത പറഞ്ഞു.
200 കുടുംബങ്ങളുള്ള ഗ്രാമത്തിൽ 40 ക്രൈസ്തവ കുടുംബങ്ങളാണുള്ളത്. കഴിഞ്ഞ വർഷം ജനുവരിയിൽ ഒരുസംഘമാളുകൾ രണ്ട് ക്രൈസ്തവരെ ബലംപ്രയോഗിച്ചു സ്ഥലത്തെ ക്ഷേത്രത്തിനടുത്തേക്ക് കൊണ്ടുപോയി മർദിക്കുകയും ഇതു വ്യാപക പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിനുശേഷം ഗ്രാമത്തിലെ ഒരുവിഭാഗമാളുകൾ തങ്ങളോടു ശത്രുത കാട്ടിത്തുടങ്ങുകയും പ്രദേശത്തെ പള്ളി പൊളിച്ചുനീക്കണമെന്നും ക്രൈസ്തവർ ഗ്രാമം വിട്ടുപോകണമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കൃതിബാസ് സാന്ത പറഞ്ഞു. ഗ്രാമവാസികൾ സമാധാനപ്രിയരാണെന്നും പുറത്തുനിന്നുള്ള ചിലരാണു പ്രശ്നങ്ങൾക്കു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുറത്തുനിന്നുള്ള സംഘം എല്ലാ ദിവസവും ഗ്രാമത്തിലെത്തി യോഗങ്ങൾ വിളിച്ചുചേർക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗ്രാമത്തിലെ ക്രൈസ്തവരായ യുവാക്കൾ ഉന്നതവിദ്യാഭ്യാസം നേടുന്നതും നേതൃരംഗത്തും കായികമേഖലയിലുമെല്ലാം ശോഭിക്കുന്നതുമാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിക്കുന്നതെന്ന് പാസ്റ്റർ ഗൗരവ് കൗർ പറഞ്ഞു.